കണ്ണൂർ: പാനൂരിൽ എസ്ഡിപിഐയുടെ കൊടിയാണെന്ന് കരുതി പോർച്ചുഗലിന്റെ പതാക വലിച്ചു കീറിയ ബിജെപി പ്രവര്‍ത്തകനെതിരെ പോലീസ് കേസ്. പാനൂർ വൈദ്യർ പീടികയിൽ ദീപകിനെതിരെയാണ് പാനൂർ പോലീസ് കേസെടുത്തത്.
കണ്ണൂര്‍ പാനൂര്‍ വൈദ്യര് പീടികയില്‍ ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. ചിലർ ഇത് വീഡിയോയിൽ പകർത്തി. പിന്നീടാണ് ഇയാൾ അറിയുന്നത് കീറിയത് പോർച്ചുഗലിന്റെ പതാകയാണെന്ന്. അതോടെ പോർച്ചുഗൽ ആരാധകർ എത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്തപ്പോൾ എസ്ഡിപിഐയുടെ കൊടിയാണെന്ന് കരുതി നശിപ്പിച്ചതാണെന്നായിരുന്നു ദീപകിന്റെ മറുപടി.
ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് പ്രദേശത്തെ പോര്‍ച്ചുഗൽ ടീമിന്റെ ആരാധകരാണ് പതാകകൾ സ്ഥാപിച്ചത്. പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. യുവാവിന് എതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പോർച്ചുഗലിന്റെ പതാക വലിച്ചു കീറുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇയാള്‍ മദ്യലഹരിയിലാണ് ഇങ്ങനെ ചെയ്തതെന്ന് പാനൂര്‍ പൊലീസ് പറഞ്ഞു. ഏറെക്കാലം വിദേശത്ത് ജോലി ചെയ്തിരുന്ന ഇദ്ദേഹം ഈയടുത്താണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.
















