കൊച്ചി: ആക്രിക്കച്ചവടത്തിന്റെ മറവിൽ 12 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശികളായ പുലവത്ത് അസർ അലി, മാടവന റിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇരുവരെയും സംസ്ഥാന ജിഎസ്‍ടിയുടെ കോട്ടയം യൂണിറ്റ് ആണ് പ്രതികളെ പിടികൂടിയത്.
ഇടപ്പള്ളിയിൽവച്ചാണ് ഇരുവരും പിടിയിലായത്. വ്യാജ ബില്ലുകളിലൂടെയായിരുന്നു തട്ടിപ്പ്. തട്ടിപ്പിനു പിന്നിൽ കൂടുതൽ പ്രതികളുണ്ടെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു.
ഇക്കഴിഞ്ഞ ജൂണിൽ ഇവരുടെ സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ റെയ്ഡിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും കഴിഞ്ഞ അഞ്ച് മാസമായി പ്രതികൾ ഒളിവിലായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതികൾ മുങ്ങിയത്. ഇതിനിടെ ഇന്നാണ് ഇവർ ജിഎസ്ടി വിഭാഗത്തിന്റെ വലയിലായത്. അന്വേഷണം നടക്കുകയാണെന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടോ എന്ന് സംശയിക്കുന്നതായും ജിഎസ്ടി വകുപ്പ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
















