ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷൻ കമലയുമായി ബന്ധപ്പെട്ട ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്. ഏജന്റുമാരുമായി തുഷാര്‍ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. ടി ആർ എസിന്റെ എം എൽ എമാരുമായി കൂടിക്കാഴ്ച നടത്താമെന്ന് ശബ്ദരേഖയില്‍ തുഷാർ വെള്ളാപ്പള്ളി പറയുന്നു. ബിഎല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും ശബ്ദരേഖയില്‍ തുഷാര്‍ ഫോണില്‍ പറയുന്നുണ്ട്.
ബിഎല്‍ സന്തോഷുമായി സംസാരിച്ച ശേഷം ഒരു തിയതി അറിയിക്കാമെന്നാണ് പുറത്തുവന്ന ഓഡിയോയിലുള്ളത്. നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് പറയുന്നതായും ഓഡിയോയിലുണ്ട്. അമിത് ഷായ്ക്ക് ഒപ്പം ഗുജറാത്തിലുണ്ടെന്നും ഡീൽ ഉറപ്പിക്കാമെന്നും ടി ആർ എസിന്റെ എം എൽ എമാർക്ക് ഏജന്റുമാരുടെ ഫോണിലൂടെ തുഷാർ ഉറപ്പ് നൽകുന്നുണ്ട്. ബിഎല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങൾ ഉറപ്പിക്കാമെന്നും അതിന് മുമ്പ് നമ്മുക്ക് ഒന്ന് കാണണമെന്നും ഏജന്റ് നന്ദകുമാറിനോട് തുഷാർ പറയുന്നുണ്ട്. മലയാളത്തിലും സംസാരിക്കുന്നതായി പുറത്തുവന്ന ഓഡിയോയിലുണ്ട്.
നാല് എംഎല്‍എമാരെ പണം നല്കി സ്വന്തമാക്കാനായിരുന്നു ബിജെപിയുടെ ശ്രമമെന്നാണ് ടിആര്‍എസിന്റെ ആരോപണം. കഴിഞ്ഞ ദിവസമാണ് എംഎല്‍എമാരായ രാഗകന്ദറാവു, ഗുവാല ബാലരാജു,ബീരം ഹര്ഷവര്ധന് റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി എന്നിവരെ ഫാം ഹൗസില്‍ ബിജെപി ഏജന്റുമാരെന്ന് ടിആര്‍എസ് ആരോപിക്കുന്നവര്‍ കണ്ടത്.
എംഎല്‍എമാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈദരാബാദ് പൊലീസെത്തി ഏജന്റുമാരായ നന്ദകുമാര്‍, സ്വാമി രാമചന്ദ്രഭാരതി, സിംഹയാജിഎന്നിവരെ പിടികൂടിയത്. ഇവരില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ പണവും പിടിച്ചെടുത്തിരുന്നു.
കെസിആറിന്റെ ആരോപണം ബിജെപിയും തുഷാർ വെള്ളാപ്പള്ളിയും തള്ളിയതിന് പിന്നാലെയാണ് കൂടുതല്‍ തെളിവുകൾ പുറത്ത് വരുന്നത്. വീഡിയോകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ടിആർഎസ് വിലയ്ക്കെടുത്ത അഭിനേതാക്കളാണ് വീഡിയോയിലെ ഏജന്റുമാരെന്ന് കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി പ്രതികരിച്ചു. മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പുറത്ത് വിട്ട ദൃശ്യങ്ങളിൽ തന്റെ ബന്ധം തെളിയിക്കുന്ന ഒന്നുമില്ലെന്ന് പറഞ്ഞ തുഷാർ വെള്ളാപ്പള്ളി തന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ടി ആർ എസ് ഹാജരാക്കട്ടെയെന്നും വെല്ലുവിളിച്ചിരുന്നു.