കൊച്ചി: കേരള സര്‍വകലാശാലയ്‌ക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍വകലാശാലയ്ക്ക് പുതിയ വൈസ് ചാന്‍സലറെ ആവശ്യമില്ലേ എന്നും എന്തുകൊണ്ടാണ് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാത്തതെന്നും കോടതി ആരാഞ്ഞു. അനാവശ്യ വിവാദങ്ങളുണ്ടാക്കി സര്‍വകലാശാലയെ തകര്‍ക്കാനുള്ള ശ്രമമാണെന്നും കോടതി വിമര്‍ശിച്ചു. സർവകലാശാലയ്ക്ക് നിയമവിരുദ്ധമായി പ്രവർത്തിക്കാമോയെന്നും കോടതി ചോദിച്ചു. വിസിയെ തിരഞ്ഞെടുക്കുന്നത് വൈകിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
വിസിയെ തീരുമാനിക്കുക എന്നത് കോടതിയുടെ മാത്രം ആവശ്യമാണോ എന്ന് ചോദിച്ച ജസ്റ്റിസ് ദേവൻരാമചന്ദ്രൻ ചാൻസലർക്കെതിരെ പ്രമേയം പാസാക്കിയ സെനറ്റ് നടപടിയെയും വിമർശിച്ചു. സെർച്ച് കമ്മിറ്റിയെ തീരുമാനിക്കാൻ ചേർന്ന യോഗം ക്വാറം തികയാതെ അവസാനിച്ചെങ്കിൽ അടുത്ത യോഗത്തിൽ തീരുമാനം എടുകാമല്ലോ എന്ന ചോദ്യത്തിന് യോഗത്തിന്റെ അജണ്ടകൾ മുൻകൂട്ടി നിശ്ചയിക്കുന്നതാണെന്നായിരുന്നു സർവകലാശാലയുടെ മറുപടി.
കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയിരുന്നു. ഇതിനെതിരേ അവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വെള്ളിയാഴ്ച നടക്കുന്ന സെനറ്റ് യോഗത്തില്‍ പുതിയ വൈസ് ചാന്‍സലറെ തീരുമാനിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ നിര്‍ദേശിക്കുമോ ഇല്ലയോ എന്നായിരുന്നു കോടതിക്ക് അറിയേണ്ടിയിരുന്നത്. ആവര്‍ത്തിച്ച് ഇക്കാര്യം ആരാഞ്ഞെങ്കിലും കേരളസര്‍വകലാശാലയുടെ അഭിഭാഷകന്‍ ആദ്യഘട്ടത്തില്‍ കൃത്യമായ മറുപടി നല്‍കിയില്ല. പകരം സര്‍വകലാശാലയുടെ ആക്ടും സ്റ്റാറ്റ്യൂട്ടും വിശദീകരിച്ച് മറുപടി നല്‍കി. ഇത്തരം വലിയ പുസ്തകങ്ങളുമായി തന്റെ മുന്നിലേക്ക് വരേണ്ടെന്നും ഒറ്റച്ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ മതിയെന്നുമായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ മറുപടി.
നാലാം തീയതി സെനറ്റിന്റെ യോഗം ചേരുന്നുണ്ട്. പക്ഷേ ആ യോഗത്തില്‍ സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റിന്റെ പ്രതിനിധിയെ നിശ്ചയിക്കാനുള്ള അജണ്ട ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. അടുത്ത യോഗത്തിലും വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ സര്‍വകലാശാല ഉദ്ദേശിക്കുന്നില്ലെന്ന് കോടതി മനസ്സിലായി. ഇതോടെയാണ് കോടതി വിമര്‍ശനത്തിന്റെ സ്വരം കടുപ്പിച്ചത്. കേരള സര്‍വകലാശാലയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. അനാവശ്യവിവാദങ്ങളുണ്ടാക്കി സര്‍വകലാശാലയെ തന്നെ തകര്‍ക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.
നടപടിക്രമങ്ങൾ കോടതിയിൽ നടക്കുമ്പോഴും വിസിമാർക്കെതിരെ വീണ്ടും കടുത്ത നീക്കങ്ങളുമായി ഗവർണർ മുന്നോട്ട് പോകുകയാണ്. നിയമിക്കപ്പെട്ടത് മുതലുള്ള ശമ്പളം വിസിമാരിൽ നിന്നും തിരിച്ചു പിടിക്കാനാണ് തീരുമാനം. ആരിഫ് മുഹമ്മദ് ഖാൻ അടുത്ത ദിവസം സംസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ ഇക്കാര്യത്തിൽ ഉത്തരവിറക്കും. നിയമനം യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചായതിനാൽ ശമ്പളം കൈപ്പറ്റിയതും അനർഹമായാണെന്ന് വിലയിരുത്തിയാണ് നടപടി.