തിരുവനന്തപുരം: മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സന്തോഷിനെ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ തസ്തികയിൽ നിന്ന് പിരിച്ചുവിട്ടു. മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതും മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതും സന്തോഷാണെന്ന് തെളിഞ്ഞിരുന്നു.
ഇയാളെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലയിൻകീഴ് മഞ്ചയിൽ സ്വദേശിയാണ് സന്തോഷ് കുമാർ. അതിക്രമിച്ച് കയറൽ, മോഷണ ശ്രമം എന്നിവ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പിന്നാലെ മ്യൂസിയത്ത് ലൈംഗികാതിക്രം നടത്തിയതും ഇയാളാണെന്ന് വ്യക്തമാവുകയായിരുന്നു. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു. പേരൂർക്കട സ്റ്റേഷനിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞത്. പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ മ്യൂസിയം കേസിലും സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
അതേസമയം, സന്തോഷിനെതിരെ മറ്റൊരു ലൈഗീകാതിക്രമ കേസിൽ കൂടി അന്വേഷണം. ഒരു വീട്ടിൽ കടന്ന് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് അന്വേഷണം. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. സംഭവത്തിൽ പേരൂർക്കട പൊലീസ് കേസെടുത്തുവെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. മാധ്യമങ്ങളിൽ സന്തോഷിന്റെ ചിത്രം കണ്ട പരാതിക്കാരി പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനമായത്.