തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന സിഐയുടെ ന്യായീകരണം തിരിച്ചടിയായേക്കും. പൊലീസ് തലപ്പത്തുനിന്ന് അനുമതിയില്ലാതെയാണ് പാറശാല സിഐ ഹേമന്ത് വിശദീകരണo അടങ്ങിയ ശബ്ദസന്ദേശം പ്രചരിപ്പിച്ചതെന്നും ഉന്നതവൃത്തങ്ങൾ പറഞ്ഞു
കേസ് തുടക്കത്തിൽ അന്വേഷിച്ച പാറശാല പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിലയിരുത്തിയാണ് അന്വേഷണം ക്രൈംബ്രാബിന് കൈമാറിയത്. ഇതിനിടെ, പാറശാല പൊലീസ് വീഴ്ച സംഭവിച്ചില്ലെന്ന് ന്യായീകരിക്കാൻ അന്വേഷണത്തിലെ കണ്ടെത്തലുകൾ തെറ്റായി വ്യാഖ്യാനിച്ച് സിഐ ഹേമന്ത് കുമാർ മാധ്യമങ്ങൾക്ക് ശബ്ദ സന്ദേശം അയച്ചത് കേസിൽ തിരിച്ചടിയാകും. ഷാരോണിനു വിഷം നൽകി 7 ദിവസം കഴിഞ്ഞാണ് പൊലീസ് വിവരമറിഞ്ഞതെന്നും മെഡിക്കൽ കോളജ് അധികൃതരാണ് വിവരം അറിയിച്ചതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.
ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയോ ഷാരോൺ തന്റെ മൊഴിയിൽ ദുരൂഹത പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്ന് സിഐ വിശദീകരിക്കുന്നുണ്ട്.കൂടാതെ കീടനാശിനിയുടെ അംശം കണ്ടെത്താനായില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് ഉണ്ടെന്നും സിഐ വാദിക്കുന്നു. പ്രതിഭാഗത്തിന് അനുകൂലമായി നിൽക്കുന്ന ഈ വാദങ്ങൾ കോടതിയിൽ തിരിച്ചടിയാകുമെന്ന് അന്വഷണ സംഘം ചൂണ്ടിക്കാട്ടുന്നു.