തിരുവനന്തപുരം: ശില്പങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളില്‍ പ്രതിഷേധിച്ച് കേരളശ്രീ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശില്പി കാനായി കുഞ്ഞിരാമന്. സംസ്ഥാനത്ത് ശില്പങ്ങള് അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശംഖുമുഖത്തെ സമുദ്രകന്യകാ ശില്‍പ്പത്തിന് സമീപം ഒരു വലിയ ഹെലികോപ്റ്റര്‍ കൊണ്ടുവച്ച് ആ ശില്പത്തിന്റെ മഹിമ കെടുത്തി. അന്നത്തെ ടൂറിസം മന്ത്രിയായ കടകംപള്ളിയോട് അക്കാര്യം പറഞ്ഞിരുന്നു. അക്കാര്യത്തില്‍ പരിഹാരം കണ്ടെത്തിയില്ല. വേളിയിലെ ശില്പങ്ങള് വികൃതമാക്കുകയാണ് കടകംപള്ളി ചെയ്തത്. അത് എന്തിന് വേണ്ടിയാണ് ചെയ്തതെന്ന് എനിക്കറിയാം. അത് തല്ക്കാലം ഞാന്‍ പറയുന്നില്ല. ഇതെല്ലാം കാണുമ്പോള്‍ എനിക്ക് അംഗികാരമല്ല വേണ്ടതെന്നും കാനായി പറഞ്ഞു.
പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങള്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്.