പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി കേസിൽ മൂന്ന് പ്രതികളേയും വീണ്ടും ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. രാവിലെ പത്തരയ്ക്കാണ് ഷാഫിയേയും ഭഗവത് സിങ്ങിനേയും ലൈലയേയും സംഭവം നടന്ന വീട്ടിലെത്തിച്ചത്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്തും വീടിനകത്തും പരിശോധന നടന്നു. ഫൊറൻസിക് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
നരബലിക്ക് ഇരകളായ രണ്ട് സ്ത്രീകളിലൊരാളായ റോസ്‌ലിനെ കൊല്ലാൻ ഉപയോഗിച്ച രണ്ട് കത്തികൾ വീട്ടിലെ അടുക്കളയിൽ നിന്ന് കണ്ടെടുത്തു. ഇലന്തൂർ ജംഗ്ഷനിലെ പണമിടപാട് സ്ഥാപനത്തിൽ ഭഗവൽ സിംഗ് പണയം വെച്ച റോസ്‍ലിന്‍റെ മോതിരവും കണ്ടെത്തി. ഏഴ് മില്ലി ഗ്രാം തൂക്കമുള്ള മോതിരമാണ് ഭഗവത് സിങ്ങ് ഇവിടെ പണയം വെച്ചിരുന്നത്.
















