മഹാരാഷ്ട്രയിൽ വനിതാ ഗുസ്തിതാരം അശ്വിനി മനോഹർ പോൾ ജീവനൊടുക്കി. മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പം നാൽദുർഗ് കോട്ടയിൽ നിന്ന് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു. ഭർതൃവീട്ടിൽ നിന്ന് അശ്വിനി കടുത്ത മാനസിക, ശാരീരിക പീഡനങ്ങൾക്ക് ഇരയായതായി പിതാവ് ആരോപിച്ചു.അശ്വിനിയും അവരുടെ ആറ് വയസ്സുള്ള മകനും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇരട്ട പെൺമക്കളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ രണ്ടര വയസ്സുകാരിയായ ഒരു മകൾ മരണത്തിന് കീഴടങ്ങി. രണ്ടാമത്തെ മകൾ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ നൽദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് വിശദമായ അന്വേഷണം ആരംഭിച്ചു.
ദേശീയ തലത്തിൽ തിളങ്ങിയ വനിതാ ഗുസ്തി താരമായിരുന്നു അശ്വിനി . കായിക ലോകത്ത് ‘മഹാരാഷ്ട്രയുടെ പെൺപുലി’ (Tigress of Maharashtra) എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. 2007-ൽ തിരുവനന്തപുരത്ത് നടന്ന ദേശീയ ഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അവർ നിരവധി മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്.2008-ലും 2009-ലും ഗുർദാസ്പൂർ (പഞ്ചാബ്), ചെന്നൈ എന്നിവിടങ്ങളിൽ നടന്ന ദേശീയ മത്സരങ്ങളിൽ അവർ സ്വർണ്ണ മെഡലുകൾ നേടി. ഭോപ്പാൽ, കാൺപൂർ, ഹരിയാന, പൂനെ, കന്യാകുമാരി, സൈഫായി (ലക്നൗ) എന്നിവിടങ്ങളിൽ നടന്ന ദേശീയ മത്സരങ്ങളിലും അവർ മികച്ച പ്രകടനം കാഴ്ചവെച്ചു. തന്റെ കരിയറിൽ ആകെ അഞ്ച് സ്വർണ്ണ മെഡലുകളും ആറ് വെള്ളി മെഡലുകളുമാണ് അവർ നേടിയത്.
Story Highlights : National Woman Wrestler Ashwini Manohar Paul Jumps With Her 3 Children From Naldurg Fort

















