പൊതു സുരക്ഷ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇസ്ലാമിക പണ്ഡിതന്‍ യൂസഫുല്‍ ഖറദാവിയുടെ മകന് മാപ്പ് നല്‍കി യു.എ.ഇ പ്രസിഡന്റ്. ഈജിപ്ഷ്യന്‍ കവിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അബ്ദുറഹ്മാന്‍ യൂസുഫുല്‍ ഖറദാവിക്കാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ മാപ്പ് നല്‍കിയത്. കേസില്‍ ഇദ്ദേഹത്തെ 10 വര്‍ഷത്തെ തടവിനും രണ്ട് ലക്ഷം ദിര്‍ഹം പിഴക്കും യു.എ.ഇ കോടതി ശിക്ഷിച്ചിരുന്നു.
ആഗസ്റ്റ് 27 നാണ് അബൂദബി ഫെഡറല്‍ അപ്പീല്‍ കോടതിയിലെ സൈബര്‍ ക്രൈം സര്‍ക്യൂട്ട് അബ്ദുറഹ്മാന്‍ ഖറദാവി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പൊതു സുരക്ഷ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നതായിരുന്നു ചുമത്തിയ കുറ്റം. തുടര്‍ന്ന് പ്രസിഡന്റിന്റെ മാപ്പിനായുള്ള നടപടിക്രമങ്ങള്‍ കൈകൊള്ളുകയായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ 2024 ലാണ് അബ്ദുറഹ്മാന്‍ അല്‍ ഖറദാവി അറസ്റ്റിലായത്. ശേഷം 2025 ജനുവരി 10 ന് ലെബനന്‍ അധികൃതരില്‍ നിന്ന് യു.എ.ഇ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

















