സൗദി ഗെയിംസിന് തുടക്കം. റിയാദ് കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ ഗെയിംസ് ഉദ്ഘാടനം ചെയ്തു. സ്‌പോർട്‌സ് മന്ത്രി അബ്ദുൽ അസീസ് ബിൻ ഫൈസൽ രാജകുമാരൻ അടക്കം പ്രമുഖർ ഉദ്ഘാടന ചടങിന് ഉണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 200 ക്ലബുകളിലെ 6000 പുരുഷ വനിത താരങ്ങൾ പങ്കെടുത്ത മാർച്ച്പാസ്റ്റ് രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ കായിക പ്രകടനമായി മാറി.
45 കായിക ഇനങ്ങളിലാണ് സൗദി ഗെയിംസിൽ കായികതാരങ്ങൾ മത്സരിക്കാനിരിക്കുന്നത്. ഹാൻഡ്‌ബോൾ, ഫുട്‌സൽ, ജൂഡോ, ഗുസ്തി, തായ്‌ക്വോണ്ടോ, കരാട്ടെ, ജിയുജിറ്റ്‌സു, സ്‌ക്വാഷ്, ജിംനാസ്റ്റിക്‌സ്, അമ്പെയ്ത്ത്, മ്യു തായ്, ബോക്‌സിംഗ്, ബൗളിംഗ്, നീന്തൽ, തുഴച്ചിൽ, ടേബിൾ ടെന്നിസ്, ബാഡ്മിന്റൺ, ട്രയാത്‌ലൺ, വോളിബോൾ, ബാസ്‌കറ്റ്‌ബോൾ, അത്‌ലറ്റിക്‌സ്, ഭാരോദ്വഹനം, ഫെൻസിംഗ്, സ്‌കേറ്റ്‌ബോർഡിംഗ്, പാഡിൽ ബോർഡ്, ചെസ്, ഒട്ടകയോട്ടം, കുതിരയോട്ടം, ബീച്ച് വോളിബോൾ, സ്‌പോർട്‌സ് ക്ലൈംബിംഗ്, സൈക്ലിംഗ്, ഗോൾഫ്, മൊബൈൽ പബ്ജി, ബില്യാർഡ്‌സ്, ടെന്നിസ്, കാർട്ടിംഗ്, വിൻഡ് സർഫിംഗ്, ഗോൾ ബോൾ, പാരാലിമ്പിക് ടേബിൾ ടെന്നിസ്, പാരാലിമ്പിക് ഭാരോദ്വഹനം, അത്‌ലറ്റിക്‌സ്, വീൽചെയർ ബാസ്‌കറ്റ് ബോൾ തുടങ്ങിയവയാണ് മത്സര ഇനങ്ങൾ.
അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, പുതുതലമുറയിലെ കായിക താരങ്ങളെ കണ്ടെത്തുക, കായിക മേഖലയെ അതിന്റെ എല്ലാ അർഥത്തിലും നവീകരിക്കുക തുടങ്ങിയവയാണ് സൗദി ഗെയിംസ് ലക്ഷ്യമിടുന്നത്.