തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ബസുകളുടെ വരുമാനം ലാഭത്തിലേക്ക്. കെഎസ്ആർടിസി തിരുവനന്തപുരം നഗരത്തിൽ സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് 2021 നവംബർ 29 നാണ് 64 സിറ്റി സർക്കുലർ സർവീസ് ആരംഭിച്ചത്. ജൻറം ഡീസൽ ബസുകൾ ഉപയോഗിച്ചായിരുന്നു ഈ സർവീസുകൾ.
തുടക്കത്തിൽ ആയിരത്തോളം യാത്രക്കാർ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ ദിവസേന 34,000ത്തിലധികം യാത്രക്കാർ ദിനംപ്രതി സർവീസുകളെ ആശ്രയിക്കുന്നുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാരുടെ എണ്ണം ഈ സാമ്പത്തിക വർഷം തന്നെ ദിവസേന 50,000 എന്ന ലക്ഷ്യത്തിൽ എത്തിക്കാനാണ് കെ.എസ്.ആർ.ടി.സി. ലക്ഷ്യമിടുന്നതെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിൽ ഈ വർഷം ഓഗസ്റ്റ് മുതലാണ് 25 പുതിയ ഇലക്ട്രിക് ബസുകൾ സിറ്റി സർവീസുകൾ ആരംഭിച്ചത്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇലക്ട്രിക് ബസുകളിൽ വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉൾപ്പെടെ ഒരു കിലോ മീറ്റർ സർവീസ് നടത്താൻ 23 രൂപമാത്രമാണ് ചിലവ് വരുന്നത്. ഇതിന്റെ ശരാശരി വരുമാനം കിലോ മീറ്ററിന് 35 രൂപയുമാണ്. ഡീസൽ ബസിന് പകരമായി ഇലക്ട്രിക് ബസ് ഉപയോഗിച്ച് സർവീസ് നടത്തുമ്പോൾ ഇന്ധന ചിലവിൽ ഓഗസ്റ്റ് മാസം 28 ലക്ഷം രൂപയും, സെപ്റ്റംബർ മാസം 32 ലക്ഷം രൂപയും ഡീസൽ ചിലവ് ഇനത്തിൽ ലാഭിക്കാനായി. നിലവിൽ ഡീസൽ ബസുകളുടെ ചെലവ് കിലോമീറ്റർ 74 രൂപ ആണ്. വരുമാനം 35 രൂപ മാത്രമാകും.
ജീവനക്കാരുടെ ശമ്പള ഇനത്തിൽ ഒരു മാസം ശരാശരി 12 ലക്ഷം രൂപ ലാഭമുണ്ട്. പുതിയ ഇലക്ട്രിക് ബസുകൾക്ക് 2 വർഷത്തെ വാറന്റി ഉള്ളതിനാൽ ഡീസൽ ബസുകളെപ്പോലെ ഓയിൽ മാറ്റുകയോ, മറ്റ് ചെലവുകളോ ഇല്ലാത്തതുകൊണ്ടും മെയിന്റനൻസ് ഇനത്തിൽ ഒരു മാസം 25 ബസുകൾക്ക് ശരാശരി 1.8 ലക്ഷം രൂപയുടെ ലാഭവും ഉണ്ടാകുന്നു.
ഡീസൽ ബസിന്റെ നീളത്തേക്കാൾ ഇലക്ട്രിക് ബസുകളുടെ നീളം കുറവാണ്. 9 മീറ്റർ നീളമുള്ള ഈ ബസുകൾ സിറ്റിയിലെ ഇട റോഡുകളിലും, തിരക്കിലും ആയാസമില്ലാതെ സർവീസ് നടത്താൻ സാധിക്കും. 50 ഇലക്ട്രിക് ബസുകൾ നിലത്തിൽ ഇറങ്ങുമ്പോൾ ശരാശരി 50 ലക്ഷം രൂപയ്ക്ക് മുകളിൽ ഡീസൽ ചിലവിൽ ലാഭം ഉണ്ടാകുമെന്നെന്നാണ് കണക്ക് കൂട്ടുന്നതെന്നും കെഎസ്ആർടിസി വ്യക്തമാക്കി.