കൊച്ചി: കൊച്ചി കുണ്ടന്നൂർ ഒജിഎസ് കാന്താരി ബാറിലുണ്ടായ വെടിവെപ്പിൽ പ്രതികൾ പിടിയിൽ. അഡ്വ. ഹരോൾഡ്, എഴുപുന്ന സ്വദേശി റോജൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. റോജൻ മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയാണ്. മരട് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇന്ന് വൈകിട്ട് 4 മണിക്കാണ് സംഭവമുണ്ടായത്. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചത് എന്നാണ് സൂചന. മദ്യപിച്ചതിന് ശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് കൗണ്ടറിലെ ഭിത്തിയിലേക്ക് ഒരാള്‍ വെടിവെച്ചത്. രണ്ട് തവണ നിറയൊഴിച്ചു.
സംഭവം റിപ്പോർട്ട് ചെയ്യാൻ വീണ്ടും വൈകി. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ പൊലീസിനു സാധിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തെ തുടര്‍ന്ന് ബാര്‍ പോലീസ് അടച്ചുപൂട്ടിയിട്ടുണ്ട്. ഹോട്ടലില്‍ നാളെ ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തും.
















