വയനാട്: വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. ഈസ്റ്റ് ചീരാൽ സ്വദേശി രാജഗോപാലിന്റ പശുവിനെ കടുവ ആക്രമിച്ചു.
രാത്രി 9 മണിയോടെയായിരുന്നു കടുവയുടെ ആക്രമണം. സംഭവത്തിന് പിന്നാലെ നാട്ടുകാർ ഗൂഡല്ലൂർ ബത്തേരി റോഡ് ഉപരോധിക്കുകയാണ്. തോട്ടാമൂല ഫോറസ്റ്റ് സ്‌റ്റേഷന് മുന്നിലും നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.
പ്രദേശത്ത് ഒരുമാസമായി കടുവാ ഭീഷണി നിലനിൽക്കുകയാണ്. ഇതുവരെ കടുവയുടെ ആക്രമണത്തിൽ എട്ട് പശുക്കൾ കൊല്ലപ്പെട്ടു. ഇത്രയുമായിട്ടും കടുവയെ പിടികൂടാനോ കടുവയെ കാട്ടിലേക്ക് തിരിച്ച് വിടാനോ വനംവകുപ്പിന് സാധിച്ചിട്ടില്ല. മയക്കുവെടി വയ്ക്കാൻ ഉത്തരവുണ്ടായിട്ടും ഇതിനും മുതിർന്നില്ലെന്നും പരാതിയുണ്ട്.
രാത്രി പത്തരയോടെയാണ് പഴൂർ ഭാഗത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചത്. നാളെ പത്ത് മണി മുതൽ രാപ്പകൽ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കടുവയെ പിടികൂടുന്നത് വരെ സമരമവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ജനങ്ങൾ.
വയനാട്ടിലെ കൃഷ്ണഗിരിയിലും ഇന്ന് കടുവയുടെ ആക്രമണമുണ്ടായി. മലന്തോട്ടം കിഴക്കേക്കര സ്വദേശി രാജുവിന്‍റെ 2 ആടുകളെയാണ് കടുവ ഇന്ന് കൊന്നത്.
വൈൽഡ് ലൈഫ് വാർഡൻ കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ചിരുന്നു. ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ഒരു സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആർ ആർ ടി ടീമും കടുവയുടെ നീക്കം മനസ്സിലാക്കാൻ പരിശീലനം സിദ്ധിച്ച പ്രത്യേക സംഘവും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ പിടികൂടാൻ 3 കൂടുകളും ദൃശ്യങ്ങൾ ശേഖരിക്കാൻ 18 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകളിൽ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളിൽ കടുവ കൂടിന് സമീപം വരെ എത്തുന്നത് വ്യക്തമാകുന്നുണ്ട്. എന്നാൽ കൂട്ടിൽ കയറുന്നില്ല. ഇന്ന് വീണ്ടും വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
















