ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്ത സമ്മേളനം രാവിലെ പത്തരക്ക്. ഗവര്‍ണറുടെ നടപടിയെ നിയമപരമായി ചോദ്യം ചെയ്യാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഭരണഘടനാ വിദഗ്ധരുമായി ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തി.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് മുമ്പ് രാജി നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍, കോടതിയെ സമീപിച്ചാലും സുപ്രീംകോടതി മുന്‍ വിധി സര്‍ക്കാരിന് തിരിച്ചടിയാണ്. കേസില്‍ നിയമന അധികാരിയായ ഗവര്‍ണറും പിന്നെ യുജിസിയും മാനദണ്ഡം നിര്‍ബന്ധമാണെന്ന് നിലപാടെടുത്താല്‍ അവിടെയും സര്‍ക്കാര്‍ പരുങ്ങലിലാകും.
യുജിസി ചട്ടം പാലിക്കാത്ത നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വകലാശാല വിസിയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എപിജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല വി.സിമാരോട് രാജിയാവശ്യപ്പെട്ടിരിക്കുന്നത്.