കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാകക്കേസിലെ പ്രതി ശ്യാംജിത്ത് സുഹൃത്തിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി സൂചന. വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയാണ് കൊല്ലാൻ പദ്ധതിയിട്ടത്. സുഹൃത്ത് വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് സംശയിച്ചായിരുന്നു കൊലപാതകം നടത്താൻ ആസൂത്രണം ചെയ്തത്.
സീരിയൽ കൊലപാതകത്തിന്റെ കഥ പറഞ്ഞ മലയാളത്തിലെ സിനിമ കണ്ടതിനു ശേഷമാണ് കൊലപാതകമെന്ന ആശയം ശ്യാംജിത്തിന് ലഭിച്ചത്. സിനിമയിലെ ദൃശ്യം കണ്ടാണ് കത്തി സ്വയം ഉണ്ടാക്കിയതെന്നും ശ്യാംജിത്ത് പൊലീസിന് മൊഴിനൽകി. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ പൊലീസ് സാക്ഷിയാക്കും.
സുഹൃത്തും വിഷ്ണുപ്രിയയും വീഡിയോ കോൾ ചെയ്യുന്നതിനിടെയാണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ടത്. യുവതിയെ തലക്കടിച്ചു വീഴ്ത്തുന്നത് യുവാവ് വീഡിയോ കോളിലൂടെ കണ്ടിരുന്നു. വിഷ്ണുപ്രിയയെ പ്രതി അപായപ്പെടുത്തിയത് പൊലീസിനെ അറിയിച്ചത് സുഹൃത്താണ്. പെൺകുട്ടിയുടെ സുഹൃത്ത് നൽകിയ മൊഴിയും വാട്സ്ആപ്പ് കോൾ വിഡിയോ റെക്കോർഡുമാണ് പ്രതിയെ കണ്ടെത്താൻ നിർണായകമായത്.
സുഹൃത്ത് നൽകിയ വിവരമനുസരിച്ച് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ശ്യാംജിത്തിനെ പൊലീസ് പിടികൂടിയത്.
ശനിയാഴ്ചയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പാനൂർ നടമ്മൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിനോദ്- ബിന്ദു ദമ്പിതകളുടെ മകൾ വിഷ്ണുപ്രിയ (23)യെ ശ്യാംജിത്ത് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പാനൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഫാർമസിസ്റ്റായിരുന്നു വിഷ്ണുപ്രിയ. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.