കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാതകക്കേസിൽ പ്രതി ശ്യാംജിത്തുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീടിനോട് ചേർന്ന പറമ്പിലാണ് തെളിവെടുപ്പ് നടന്നത്. കൊലപാതകത്തിനു ശേഷം പ്രതിയുപേക്ഷിച്ച ആയുധങ്ങളും വസ്ത്രങ്ങളും ഷൂസും കണ്ടെത്തി. ഇന്ന് രാവിലെയാണ് തെളിവെടുപ്പ് തുടങ്ങിയത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും വസ്ത്രവും ബാഗിലാക്കി കുളത്തിൽ താഴ്ത്തിയ നിലയിലാണ് കണ്ടെടുത്തത്. ബാഗിൽ നിന്ന് വെള്ളക്കുപ്പി, മുളക് പൊടി, പവർ ബാങ്ക് എന്നിവ കണ്ടെടുത്തിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് പ്രതി എത്തിയ പ്രതിയുടെ ബൈക്കും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതി ആയുധം വാങ്ങിയ കടയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചുറ്റികയും വാങ്ങിയത് പാനൂരിൽ നിന്നു തന്നെയാണ് പ്രതി വാങ്ങിയത്.
ശനിയാഴ്ചയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പാനൂർ നടമ്മൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിനോദ്- ബിന്ദു ദമ്പിതകളുടെ മകൾ വിഷ്ണുപ്രിയ (23)യെ ശ്യാംജിത്ത് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പാനൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഫാർമസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.
പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകം പ്രതി ശ്യാംജിത്ത് ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.