കോഴിക്കോട് 12 ദിവസം പ്രായമായ കുഞ്ഞുമായി ഭർത്താവ് കടന്നുകളഞ്ഞെന്ന് യുവതിയുടെ പരാതി. വെള്ളിമാട്കുന്ന് സ്വദേശിനി ആഷിഖയാണ് പരാതി നൽകിയത്. ഭർത്താവും ഭർതൃമാതാവും ചേർന്നാണ് കുട്ടിയെ കൊണ്ടുപോയത്.
യുവതിയെ പുറത്താക്കി വീട് പൂട്ടിയാണ് ഇവർ പോയത്. തട്ടിക്കൊണ്ടു പോകലിനും കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിനും പിതാവിനെതിരെ ചേവായൂർ പൊലീസ് കേസ് എടുത്തു.കുട്ടിയെ തട്ടിക്കൊണ്ട് പോകൽ, ജുവനൈൽ ആക്ട് എന്നിവ ചുമത്തിയാണ് കേസെടുത്തത്.
മക്കട സ്വദേശിയായ യുവതിയെ, ആദിൽ വിവാഹം ചെയ്തത് ഒരു വർഷം മുമ്പാണ്. എന്നാൽ ദാമ്പത്യത്തിൽ അസ്വാരസ്യങ്ങളുണ്ട്. പ്രസവിച്ച ശേഷം ഇതുവരെ കുഞ്ഞിനെ അമ്മയെ കാണിച്ചിരുന്നില്ല. ഒടുവിൽ പൊലീസിൽ പരാതി നൽകാൻ യുവതിയും വീട്ടുകാരും തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെ ചേവായൂർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി, പൊലീസ് ഉദ്യോഗസ്ഥരേയും കൂട്ടി തിരികെ വീട്ടിൽ എത്തുമ്പോൾ കുഞ്ഞിനെ കാണാനുണ്ടായിരുന്നില്ല. ആദിലും അമ്മയും ചേർന്ന് കുഞ്ഞുമായി പുറത്തേക്ക് പോയെന്ന് അയൽവാസികൾ പറഞ്ഞു.
ആദിൽ മുൻപ് ബെംഗളൂരുവിൽ ആണ് ജോലി ചെയ്തിരുന്നത്. അങ്ങോട്ട് കുഞ്ഞിനെ കൊണ്ടുപോയതാകാമെന്ന് യുവതി സംശയം പ്രകടിപ്പിച്ചു. തുടർന്ന് പൊലീസ് നടത്തിയ സമയോചിത ഇടപെടലിൽ മുത്തങ്ങ ചെക്ക് പോസ്റ്റിൽ വച്ച് അതിർത്തി കടക്കും മുൻപ് ഇവരെ കസ്റ്റഡിയിൽ എടുത്തു.