തിരുവനന്തപുരം: ആറ് പകർച്ചവ്യാധികളെ നിർമാർജനം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കർമ്മ പരിപാടി തയാറാക്കുമെന്ന് മന്ത്രി വീണാ ജോർജ്. മലേറിയ, കാലാ അസാർ, മന്ത് രോഗം, ക്ഷയരോഗം, മീസിൽസ്, റുബല്ല എന്നീ രോഗങ്ങളാണ് നിർമാർജനം ചെയ്യാനുദ്ദേശിക്കുന്നത്.
ഓരോ ജില്ലയും ചെയ്യേണ്ട പ്രവർത്തനങ്ങൾ കൃത്യമായി നിശ്ചയിച്ച് മുന്നോട്ടു പോകാൻ നിർദേശം നൽകി. സംസ്ഥാന തലത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കായുള്ള പരിശീലന പരിപാടി നടത്തി. ജില്ലാതല ശില്പശാലകൾ സംഘടിപ്പിക്കാനും ആലോചിക്കുന്നു. മലേറിയ 2025, മന്ത് രോഗം 2027, കാലാ അസാർ 2026, ക്ഷയ രോഗം 2025 ഓടെ നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് മുന്നോട്ടു പോകുന്നത് .