തിരുവനന്തപുരം: എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി സർക്കാർ നിയമിച്ചു. വിജയ് സാഖറെ എൻ.ഐ.എയിലേക്ക് പോകുന്ന ഒഴിവിലേക്കാണ് നിയമനം. സ്വർണക്കടത്ത് കേസിലെ ഇടനിലക്കാരൻ ഷാജ് കിരണുമായുള്ള അജിത് കുമാറിന്റെ ബന്ധം വിവാദമായിരുന്നു. തുടർന്ന് വിജിലൻസ് തലപ്പത്ത് നിന്നും അജിത് കുമാറിനെ മാറ്റിയിരുന്നു.
നേരത്തെ വിജിലൻസ് ഡയറക്ടറായിരുന്ന അജിത്ത് കുമാറിനെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ആ പദവിയിൽ നിന്നും മാറ്റിയത്. ആദ്യം മനുഷ്യാവകാശ കമ്മീഷനിൽ നിയമിച്ച അദ്ദേഹത്തെ പിന്നീട് ബറ്റാലിയൻ എഡിജിപിയായി മാറ്റി നിയമിച്ചിരുന്നു. ബറ്റാലിയൻ എഡിജിപി പദവിയോടൊപ്പമായിരിക്കും പൊലീസ് ആസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ചുമതലയും കൂടി അദ്ദേഹം കൈകാര്യം ചെയ്യുക.
നേരത്തെ അഞ്ച് വർഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് സാഖറെ എൻ.ഐ.എയിലേക്ക് പോയത്. എൻ.ഐ.എയിൽ ഐ.ജിയായാണ് അദ്ദേഹത്തിന്റെ നിയമനം. നേരത്തെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്പ്യൂട്ടേഷൻ ചോദിച്ചതെങ്കിലും എൻ.ഐ.എയിലേക്ക് നൽകുകയായിരുന്നു.