തിരുവനന്തപുരം: അസാധാരണ നടപടിയുമായി വീണ്ടും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഉത്തരവിറക്കി. സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഇന്ന് ഉത്തരവ് ഇറക്കണമെന്ന് ഗവർണർ കേരള വിസിക്ക് വീണ്ടും അന്ത്യശാസനം നൽകിയിരുന്നു. ഇത് വിസി തള്ളിയതിന് പിന്നാലെയാണ് രാജ്ഭവൻ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവൻ, ഇക്കാര്യം വൈസ് ചാൻസലറെ അറിയിച്ചു.
15 പേരെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാല വി.സി ഡോ. വി.പി മഹാദേവന് പിള്ള ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. പുറത്താക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നായിരുന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന് പുറമെ ഗവര്‍ണര്‍ പുറത്താക്കിയവര്‍ക്ക് നവംബര്‍ നാലിന് നടക്കുന്ന സ്പെഷ്യല്‍ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനുള്ള കത്ത് അയച്ച് സര്‍വകലാശാല മുന്നോട്ടുപോകുന്നതിനിടെയാണ് 15 അംഗങ്ങളേയും പുറത്താക്കി ഗവര്‍ണര്‍ തന്നെ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
ഉടനടി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ചയാണ് വി.സി.ക്ക് ഗവര്‍ണര്‍ കത്ത് നല്‍കിയത്. എന്നാല്‍ ശിക്ഷാനടപടി വിജ്ഞാപനം ചെയ്തിരുന്നില്ല. ഇതിനിടെ വി.സി ഉത്തരവ് നടപ്പാക്കാതെ ശബരിമലയ്ക്കു പോയി. ഇതോടെയാണ് അസാധാരണ നടപടിയുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.
ഗവർണറുടെ നടപടിക്കെതിരെ നേരത്തെ മന്ത്രിമാർ രംഗത്തെത്തിയിരുന്നു. ഇനി വിമർശിച്ചാൽ മന്ത്രിമാരെ പിൻവലിക്കുമെന്ന ഭീഷണിയായിരുന്നു ഗവർണറുടെ മറുപടി. ഇതിനു പിന്നാലെ, ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് ജനമധ്യത്തിൽ അപഹാസ്യനാകരുതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയും രംഗത്തെത്തി. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.