സംസ്ഥാനത്ത് ഒക്ടോബര്‍ 22 വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം.
അറബികടലില്‍ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായാണ് കേരളത്തിലെ മഴ.വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുകയാണ്. ഇത് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തിച്ചേര്‍ന്ന് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറു വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്രന്യുന മര്‍ദ്ദമായും ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
















