കൊച്ചി: ദുര്‍മന്ത്രവാദത്തിന് എതിരെ നിയമം കൊണ്ടുവരുമെന്നും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു. ഇലന്തൂർ നരബലിയുടെ സാഹചര്യത്തിൽ മന്ത്രവാദവും ആഭിചാരവും തടയാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘമാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
നിയമനിർമ്മാണം എന്തായി എന്നതിനെ സംബന്ധിച്ച് രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നല്കാന് സ്റ്റേറ്റ് അറ്റോണിയോട് കോടതി നിർദ്ദേശിച്ചു.നിയമനിർമ്മാണം നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. മഹാരാഷ്ട്ര , കർണ്ണാടക സംസ്ഥാനങ്ങളിൽ ഇത്തരം നിയമം നടപ്പിലാക്കിയിട്ടുണ്ട്. സമാനമായ കൊലപാതകങ്ങള്‍ കേരളത്തിൽ ഇതിന് മുൻപും നടന്നിരുന്നുവെന്നും ഈ സാഹചര്യത്തിൽ അടിയന്തരമായി ഇത്തരം അനാചാരങ്ങൾ തടയാൻ നിയമനിർമ്മാണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു.
അനാചാരങ്ങൾ തടയാനായി ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കാര കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകളിന്മേൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ എത്രയും വേഗം നിയമം ഉണ്ടാക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.