വയനാട് പനമരം സ്റ്റേഷനിൽ നിന്നും കാണാതായ വനിത സിഐ കെ എ എലിസബത്തിനെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ. കാണാതായതിനു രണ്ടു ദിവസത്തിനു ശേഷമാണ് എലിസബത്തിനെ തിരുവനന്തപുരത്ത് കണ്ടെത്തിയത്. സുഹൃത്തായ റിട്ടയേർഡ് വനിതാ എസ്ഐയുടെ ഫ്ളാറ്റിലാണ് എലിസബത്തിനെ കണ്ടെത്തിയത്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച കോടതി ഡ്യൂട്ടിക്കായി പാലക്കാടേയ്ക്ക് പോയ എലിസബത്തിനെ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് ഇവരെ കണ്ടെത്തിയത്.
എസ്ഐയെ കാണാതായതിന് പിന്നാലെ മാനന്തവാടി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തിവരികയായിരുന്നു. നേരത്തെ വയനാട് നിന്ന് പാലക്കാട് കോടതി ഡ്യൂട്ടിക്കായി പോയ സിഐ പാലക്കാട് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.അവസാനമായി സംസാരിച്ച ഗ്രേഡ് എസ്ഐയോട് താൻ കൽപ്പറ്റയിലെ ബസ് സ്റ്റാൻഡിൽ ഉണ്ടെന്ന് എലിസബത്ത് പറഞ്ഞിരുന്നു. എന്നാൽ സമയമേറെ കഴിഞ്ഞിട്ടും എലിസബത്ത് കോടതിയിൽ എത്തിയില്ല.
അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഔദ്യോഗിക ഫോണടക്കം രണ്ട് ഫോണുകളും സ്വിച്ച് ഓഫാണെന്ന് മനസ്സിലായി. ഇതിനിടെ എലിസബത്ത് പാലക്കാട് എത്തിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മാനന്തവാടിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പാലക്കാട് തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ അവരെ കണ്ടെത്താനായില്ല. എലിസബത്ത് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നുള്ള റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.