പത്തനംതിട്ട: നരബലിക്ക് വിധേയരായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രതി ഭഗവല്‍ സിങ്ങിന്റെ ഇലന്തൂര്‍ മണപ്പുറത്തെ വീടിനോട് ചേര്‍ന്ന് മരങ്ങള്‍ക്കിടയിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരുന്നത്. വീടിന്റെ വലതുഭാഗത്ത് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഇവിടെ കുഴിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. മൃതദേഹത്തിന് മുകളില്‍ ഉപ്പു വിതറിയിരുന്നു. ലഭിച്ചത് പത്മത്തിന്റെ ശരീരാവശിഷ്ടങ്ങളാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതിനോട് ചേര്‍ന്നു തന്നെയാണ് റോസ്ലിയെയും കുഴിച്ചിട്ടതെന്നാണ് പ്രതികള്‍ പറഞ്ഞിട്ടുള്ളത്.
ആര്‍ഡിഒ അടക്കം നിരവധി പ്രധാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്ഥലം കുഴിച്ച് പരിശോധന നടത്തുന്നത്. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ആരുടേതാണെന്ന് കണ്ടെത്തുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സംഘം ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.