തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു. അപകടത്തിൽ മരിച്ച പിരപ്പൻകോട് സ്വദേശി ഷിബുവിന്റെ മകൾ അലംകൃത (4) ആണ് മരിച്ചത്. ഗോകുലം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.
തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നതിനാൽ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിയ്ക്കാനായില്ല. അച്ഛൻ ഷിബു അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അലംകൃതയും ഇന്ന് മരണത്തിന് കീഴടങ്ങി.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറരയോടെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപത്തെ വെച്ചാണ് അപകടമുണ്ടായത്. രോഗിയെ ഇടുക്കിയിൽ എത്തിച്ച ശേഷം മടങ്ങിവരുകയായിരുന്ന ആംബുലൻസാണ് അമിതവേഗത്തിൽ പാഞ്ഞെത്തി അപകടമുണ്ടാക്കിയത്. രാവിലെ കുഞ്ഞിന്റെ രക്തം പരിശോധിക്കാന്‍ ലാബ് തുറക്കുന്നതും കാത്ത് ബൈക്കില്‍ ഇരിക്കുകയായിരുന്നു ഷിബുവും മകൾ അലംകൃതയും. അപകടമുണ്ടായ സമയം ആംബുലൻസ് ഓടിച്ചിരുന്നത് മെയിൽ നഴ്സായ ചെറുവക്കൽ സ്വദേശിയായ അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.