കോട്ടയം: കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ കണ്ണീരണിഞ്ഞ് മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ. മകൻ വി.എ അരുൺകുമാർ ആണ് കോടിയേരിയുടെ വിയോഗ വാർത്ത വിഎസിന്റെ കണ്ണിൽ നനവ് പടർത്തിയ വിവരം പങ്കുവച്ചത്. കോടിയേരുടെ മരണം അറിഞ്ഞതിനു പിന്നാലെ വിവരം അച്ഛനോട് പങ്കുവച്ചെന്ന് അരുൺ കുമാർ പറഞ്ഞു.
“വിവരം അറിഞ്ഞപ്പോൾ ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളിൽ നനവ് എനിക്ക് വ്യക്തമായി കാണാനായി. അനുശോചനം അറിയിക്കണം” എന്നു മാത്രം പറയുകയും ചെയ്തു’- അരുൺ കുമാർ ഫേസ്ബുക്കിൽ പറഞ്ഞു.
വി.എ.അരുണ്‍കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്…
ഞെട്ടലും വേദനയും ഉളവാക്കുന്ന ആ വാര്‍ത്ത ശ്രവിച്ചുകഴിഞ്ഞു. സ. കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി. ‘അനുശോചനം അറിയിക്കണം’ എന്നു മാത്രം പറയുകയും ചെയ്തു.
അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ഇത്തരുണത്തില്‍ ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സില്‍ കനംതൂക്കുന്നു. അച്ഛനോട് ഏറ്റവും ആദരവും സ്നേഹവും പുലര്‍ത്തിയ നേതാവായിരുന്നു, സ. കോടിയേരി ബാലകൃഷ്ണന്. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും അച്ഛനുമായി സൂക്ഷ്മമായ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തില്‍ എന്റെ അനുശോചനംകൂടി അറിയിക്കുകയാണ്.