തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കും. കാതോലിക്കേറ്റ് & എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജർ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയാണ് അവധി പ്രഖ്യാപിച്ചത്. സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി മറ്റൊരു ദിവസം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒക്ടോബർ രണ്ട് ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ഓർത്തഡോക്സ് സഭ. ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച ലഹരി വിരുദ്ധ പ്രചരണത്തിന് സ്കൂളുകൾ തുറക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ഞായറാഴ്ചയായതിനാൽ രൂപതകളിൽ നടക്കുന്ന ആചാരാനുഷ്ഠാനങ്ങളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പങ്കെടുക്കേണ്ടതുള്ളതിനാൽ ഓർത്തഡോക്സ് സഭ അവധി പ്രഖ്യാപിക്കുകയായിരുന്നു.
നേരത്തെ കത്തോലിക്കാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് കെസിബിസിയും അവധി പ്രഖ്യാപിച്ചിരുന്നു. ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച ലഹരി വിരുദ്ധ പ്രചരണത്തിന് സ്കൂളുകൾ തുറക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ഞായറാഴ്ചയായതിനാൽ രൂപതകളിൽ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകൾ നടക്കുന്നതിനാലും ആചാരാനുഷ്ഠാനങ്ങളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പങ്കെടുക്കേണ്ടതുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെസിബിസി അറിയിച്ചു.
ഗാന്ധിജയന്തി ദിനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളിൽ എത്തണമെന്നും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കണമെന്നുമായിരുന്നു സർക്കാർ നിർദേശം. ലഹരി വരുദ്ധ പരിപാടികൾ മറ്റൊരു ദിവസം നടത്തി സർക്കാർ നിർദേശത്തോട് സഹകരിക്കണമെന്നാണ് കെസിബിസി വാർത്താക്കുറിപ്പിൽ ആവശ്യപ്പെടുന്നത്.