തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യന്‍ യാത്ര മാറ്റി വെച്ചു. പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനായി ഇന്ന് രാത്രി പുറപ്പെടാനിരിക്കെയാണ് യാത്ര മാറ്റിവെച്ചത്. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് തിരിക്കും.
ദില്ലിയിൽ നിന്നും ഫിൻലാണ്ടിലേക്കാണ് ആദ്യ യാത്ര തീരുമാനിച്ചിരുന്നത്. ഒക്ടോബർ രണ്ട് മുതൽ നാല് വരെ ഫിൻലൻഡിലും അഞ്ച് മുതൽ ഏഴ് വരെ നോർവേയിലും ഒമ്പത് മുതൽ 12 വരെ യുകെയിലും സന്ദർശനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ഇന്ന് വൈകിട്ട് കൊച്ചിയിലെത്തി പുലര്‍ച്ചെയോടെ മുഖ്യമന്ത്രി വിദേശത്തേക്ക് തിരിക്കാനായിരുന്നു ആദ്യഘട്ട തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം കോടിയേരിയുടെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.
മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടിയും ചീഫ് സെക്രട്ടറിയുമാണ് വിദേശത്തേക്ക് പോകാന്‍ നിശ്ചയിച്ചിരുന്നത്. ഫിന്‍ലന്‍ഡ് വിദ്യഭ്യാസ മാതൃക പഠിക്കുകയാണ് ലക്ഷ്യം. ഫിന്‍ലന്‍ഡ്, നോര്‍വേ, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്. യാത്ര മാറ്റിയത് ഏത് ദിവസത്തേക്കാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.