തിരുവനന്തപുരം: നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. അരുമാനൂര്‍ എം.വി.ആര്‍.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അശ്വിന്‍ രാജ്, ജോസ്ബിന്‍ എന്നിവരാണ് മുങ്ങിമരിച്ചത്. അശ്വിനും ജോസ്ബിനും കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി വിദ്യാര്‍ഥിസംഘത്തിലുണ്ടായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് മാവിളക്കടവിലെ കുളിക്കടവില്‍ വിദ്യാര്‍ഥികള്‍ കുളിക്കാനെത്തിയത്. അടിയൊഴുക്കില്‍പെട്ട കുട്ടികളുടെ നിലവിളി കേട്ട് ആദ്യം ഓടിയെത്തിയ പരിസരവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
വിവരമറിഞ്ഞ് പൂവാര്‍ പോലീസും സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സും സ്‌കൂബാസംഘവും ചേര്‍ന്ന് വീണ്ടും തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരേയും മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
















