തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര കൈമാറ്റ ചടങ്ങ് ബഹിഷ്ക്കരിച്ച് മുതിർന്ന നേതാക്കളായ കെ.ഇ. ഇസ്മയിലും സി ദിവാകരനും. നെയ്യാറ്റിൻകരയിൽ നടക്കുന്ന ചടങ്ങിൽ ഇരുവരും പങ്കെടുക്കുന്നില്ല.
കൊടിമരം ജാഥ ക്യാപ്റ്റന്‍ കൈമാറേണ്ടത് ഇസ്മയിലായിരുന്നു. എന്നാൽ ഇദ്ദേഹം വിട്ടുനിന്നതോടെ മന്ത്രി ജി. ആർ അനിലാണ് കൊടിമരം കൈമാറിയത്.
സിപിഐയില്‍ വിഭാഗീയ തുടരുന്നതിനിടെയാണ് പ്രധാനപ്പെട്ട ചടങ്ങില്‍ നിന്നും നേതാക്കള്‍ വിട്ടുനിന്നത്. ജില്ലയുടെ ചുമതലയുള്ള പാര്‍ട്ടിയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗമായ സി ദിവാകരനും ചടങ്ങില്‍ നിന്ന് വിട്ടുനിന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ്. ജില്ലയുടെ ചുമതലയുള്ള നിർവാഹക സമിതിയംഗമാണ് ദിവാകരൻ. എന്നിട്ടും പങ്കെടുത്തില്ല. നാളെ സമ്മേളന പതാക ഉയർത്തേണ്ടത് സി. ദിവാകരനാണ്. ആ ചടങ്ങിൽ അദ്ദേഹം പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. നാളെയാണ് സി.പി.ഐ സമ്മേളനം നടക്കുന്നത്.
എന്നാല്‍ സിപിഐയില്‍ വിഭാഗീയയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വിഭാഗീയതയും വ്യക്തി കേന്ദ്രീകരണവും സിപിഐയിലില്ല. അത്തരത്തില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് മുന്‍കാല ചരിത്രം തെളിയിക്കുന്നുണ്ടെന്നും കാനം നവയുഗം ലേഖനത്തിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിപിഐഎമ്മിന് മുന്നില്‍ അടിയറവ് പറയുന്നുവെന്ന ആരോപണത്തിനും ലേഖനത്തിലൂടെ കാനം മറുപടി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ വ്യക്തിത്വം സംരക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും കാനം മറുപടി നല്കി.
അഭിപ്രായങ്ങളും നിർദേശങ്ങളും മുന്നണിയിൽ ഉന്നയിക്കുന്നതിൽ വിട്ടുവീഴ്ച കാണിച്ചിട്ടില്ല. ചിലപ്പോൾ പരസ്യപ്രതികരണത്തിനും മടിച്ചിട്ടില്ല. അഭിപ്രായങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്ന രീതി സിപിഐക്കില്ലെന്ന് പറയുന്ന കാനം എപ്പോഴും മാധ്യമങ്ങൾക്ക് വാർത്ത ചമച്ചുകൊടുത്ത് മുന്നണിയുടെ വിശ്വാസം തകർക്കാനാവില്ലെന്നും കുറിപ്പിലെഴുതിയിരിക്കുന്നു.
സിപിഐ സംസ്ഥാന സമ്മേളനത്തിന് നാളെയാണ് തുടക്കമാകുന്നത്. നാളെ വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് കൊടിമര ജാഥയും പതാക ജാഥയും സംഗമിക്കുക. കാനം രാജേന്ദ്രന് ഇരുജാഥകളേയും സ്വീകരിക്കും.