കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താര്‍ റിമാന്‍ഡില്‍. കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയാണ് ഒക്ടോബര്‍ 20 വരെ പ്രതിയെ റിമാന്‍ഡ് ചെയ്തത്. അബ്ദുള്‍ സത്താറിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.
കഴിഞ്ഞദിവസം പോലീസാണ് കരുനാഗപ്പള്ളിയില്‍നിന്ന് അബ്ദുള്‍ സത്താറിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് എന്‍.ഐ.എയ്ക്ക് കൈമാറുകയായിരുന്നു. എന്‍.ഐ.എ. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാംപ്രതിയാണ് സത്താര്‍.
എന്‍.ഐ.എ. ഐ.ജി.യുടെ നേതൃത്വത്തിലുള്ള പ്രാഥമിക ചോദ്യംചെയ്യലിന് ശേഷമാണ് വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെ അബ്ദുള്‍ സത്താറിനെ കോടതിയില്‍ ഹാജരാക്കിയത്. നേരത്തെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ ആരോപിച്ചിരിക്കുന്ന സമാനകുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരേയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനും തെളിവെടുപ്പ് നടത്താനും എന്‍.ഐ.എ. സംഘം വെള്ളിയാഴ്ച അപേക്ഷ സമര്‍പ്പിക്കും.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ അബ്ദുള്‍ സത്താറിനെ കേരളത്തിലെ മുഴുവന്‍ കേസുകളിലും പ്രതിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു. പിഎഫ്ഐ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദേശം. ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ ഉണ്ടായ നഷ്ടപരിഹാരത്തുക കെട്ടിവച്ചാല്‍ മാത്രം പ്രതികള്‍ക്ക് ജാമ്യം നല്കിയാല് മതി. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ഇക്കാര്യം സംബന്ധിച്ച് എല്ലാ മജിസ്ട്രേറ്റ് കോടതികള്‍ക്കും നിര്‍ദേശം നല്‍കുമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരിൽ കെഎസ്ആർടിസിയും സർക്കാരും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ 5 കോടി 20 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. എതിർകക്ഷികളായ പോപ്പുലർ ഫ്രണ്ടും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറുമാണ് തുക കെട്ടിവയ്ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.