തിരുവനന്തപുരം: കൊവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
കൊവിഡ് കാലത്ത് സംസ്ഥാനത്ത് ഒരു ലക്ഷത്തി നാല്പതിനായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ സാമൂഹ്യ അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കും.
പിഎസ്സ്സി ഉദ്യോഗാർത്ഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ടതുൾപ്പെടെ ജനകീയ സ്വഭാവത്തിൽ പൊതുമുതൽ നശീകരണവും അക്രമവും ഇല്ലാത്ത സമരങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കും. പൊതുമുതൽ നശിപ്പിക്കൽ, അക്രമ സംഭവങ്ങൾ എന്നീ സംഭവങ്ങളിൽ എടുത്ത കേസുകളിൽ പക്ഷേ നടപടി തുടരും.
ഏതൊക്കെ കേസുകൾ പിൻവലിക്കണം എന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാവും കേസുകൾ പിൻവലിക്കുന്നതിനുള്ള പൊതുമാനദണ്ഡം നിശ്ചയിക്കുക.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, നിയമ സെക്രട്ടറി വി. ഹരി നായർ തുടങ്ങിയവർ പങ്കെടുത്തു.
കേരള സർക്കാർ പാസാക്കിയ പകർച്ചാ വ്യാധി നിയന്ത്രണ നിയമം അനുസരിച്ചാണ് കൊവിഡ് കാലത്ത് പൊലീസ് കേസെടുത്തത്. മാസ്ക്ക് ധരിക്കാത്തിന് 500 രൂപ മുതൽ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000രൂപ വരെ പല കേസുകളിലായി പൊലീസ് പിഴ ഈടാക്കിയിരുന്നു. നിയന്ത്രണം ലംഘിച്ച് റോഡിലിറങ്ങിയ വാഹനങ്ങള്‍ പിടിച്ചെടുത്തും പിഴ ഈടാക്കി.