ബിനോയ് കോടിയേരിക്കെതിരായ ഒത്തുതീർപ്പായി .ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയിലാണ് ഒത്തുതീർപ്പായത്. 80 ലക്ഷം രൂപയാണ് യുവതിക്ക് ബിനോയ് കൈമാറിയത്.
ഈ തുക കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി ചെലവഴിക്കും. എന്നാൽ ഒത്തു തീർപ്പു കരാറിൽ പറയുന്ന തുക 80 ലക്ഷം ആണെങ്കിലും അതിൽ അധികം കൊടുത്തിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങൾ കരാറിൽ പറയുന്നില്ല. പണം കൈമാറിയതിന് പിന്നാലെയാണ് കോടതി കേസ് ഒത്തുതീർപ്പാക്കിയത്.ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികൾ അവസാനിപ്പിച്ചതായും യുവതിയും അറിയിച്ചു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലീസിൽ പരാതി നൽകിയത്. ഈ ബന്ധത്തിൽ എട്ടു വയസ്സുള്ള ആൺകുട്ടിയുണ്ടെന്നും പരാതിയുയർന്നിരുന്നു. കുട്ടിയുടെ ചെലവുകൾക്കായി ബിനോയ് പണം നൽകണമെന്നായിരുന്നു പരാതിയിലെ പ്രധാന ആവശ്യം. പക്ഷേ ഇത് കള്ളക്കേസാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹരജി നൽകുകയും ചെയ്തു. തുടർന്ന് ബോംബെ ഹൈക്കോടതി ഡി.എൻ.എ പരിശോധക്ക് നിർദേശിച്ചു. എന്നാൽ കോവിഡ് മഹാമാരിയും ലോക്ഡൗണുമായി കേസ് നീണ്ടുപോയി. അതിനിടെയാണ് ഡി.എൻ.എ പരിശോധന ഫലം പുറത്ത് വിടണമെന്നാവശ്യപ്പെട്ട് യുവതി വീണ്ടും കോടതിയിലെത്തിയത്. തുടർന്നാണ് കേസ് ഒത്തുതീർപ്പായത്. കുഞ്ഞിന്റെ പിതൃത്വത്തെ കുറിച്ച് ഒത്തുതീർപ്പ് കരാറിൽ പറയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.