കണ്ണൂര്‍: മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണത്തില്‍ അഴിമതിയെന്ന പരാതിയില്‍ യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് നേതാവ് എം. സി.കുഞ്ഞമ്മദ്, യു. മഹ്റൂഫ് എന്നിവരും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന് കല്ലായിയുമാണ് അറസ്റ്റിലായത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റിന് ശേഷം മൂന്ന് പേരെയും വിട്ടയച്ചു.
വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നടത്തിയ നിര്‍മാണപ്രവൃത്തിയില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് പരാതി. 2011 മുതല്‍ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായവര്‍ക്ക് എതിരെയാണ് പരാതി. മൂന്ന് കോടി ചിലവായ നിര്‍മാണത്തിന് പത്ത് കോടിരൂപയോളമാണ് കണക്കില്‍ കാണിച്ചതെന്നും പരാതിയില്‍ പറയുന്നു.
മട്ടന്നൂർ ജുമാ മസ്ജിദ്, ഇതിനോട് ചേർന്ന ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ നിർമ്മാണത്തിൽ വഖഫ് ബോർഡിനെ വെട്ടിച്ച് അഞ്ച് കോടി രൂപയോളം തട്ടിയെന്നാണ് കേസ്. ഇന്ന് രാവിലെ മുതൽ അബ്ദുൾ റഹ്മാൻ കല്ലായി അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. മഹല്ല് കമ്മിറ്റിയുടെ മുൻ പ്രസിഡന്റാണ് അബ്ദുൽ റഹ്മാൻ കല്ലായി. മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എം.സി കുഞ്ഞഹമ്മദ്, മഹല്ല് കമ്മിറ്റിയുടെ സെക്രട്ടറിയും മുസ്ലിം നേതാവുമായ യു. മഹറൂഫ് എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മട്ടന്നൂർ പോലീസ് സി.ഐ എം കൃഷ്ണനാണ് മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർക്ക് സ്റ്റേഷൻ ജാമ്യം അനുവദിക്കണമെന്ന് കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ നിർദേശിച്ചിരുന്നു.
കേസിൽ മൂവർക്കും ഉപാധികളോടെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ വെള്ളിയാഴ്ച മുൻകൂർ ജാമ്യം നൽകിയത്. ഇന്ത്യ വിട്ടുപോകാതിരിക്കാൻ മൂവരുടെയും പാസ്പോർട്ട് പോലീസ് സ്റ്റേഷനിലോ കോടതിയിലോ നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ സ്റ്റേഷനിൽ ഹാജരാകണമെന്നും വ്യവസ്ഥകളുണ്ട്. ഈ വ്യവസ്ഥ അനുസരിച്ചാണ് ഇന്ന് രാവിലെ ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. അഴിമതി നടത്താൻ വേണ്ടിയാണ് വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമാണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.