സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതീരെ ചോദ്യവുമായി ഹൈക്കോടതി. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതി വിമര്‍ശനം.
ഡിപിആറിന് കേന്ദ്രത്തിന്റെ അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് ഗുണമുണ്ടായി ? ഇത്രധികം പണം ചെലവാക്കിയതെന്തിന്? ഇപ്പോള്‍ പദ്ധതി എവിടെയെത്തി നില്ക്കുന്നു? ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിന് ആര് സമാധാനം പറയും, തുടങ്ങിയ ചോദ്യങ്ങളാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് ആവര്‍ത്തിച്ച് കത്തയച്ചിട്ടും കെ റെയില്‍ കോര്പ്പറേഷന് നല്‍കിയില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പാതയുടെ അലൈന്മെന്റ്, പദ്ധതിയ്ക്കായി ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി, റെയില്‍വെ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ല. ഡിപിആര്‍ അപൂര്‍ണ്ണമാണെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും റെയില്‍വെ കോടതിയെ അറിയിച്ചു.
പദ്ധതിയ്ക്ക് കേന്ദ്രം സാമ്പത്തികാനുമതി നല്‍കിയിട്ടില്ലെന്നും കെ റെയിലിനായി സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇല്ലാത്ത പദ്ധതി എങ്ങനെ സ്റ്റേ ചെയ്യുമെന്നാണ് ഹൈക്കോടതി തിരികെ ചോദിച്ചത്.