തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സമരസമിതിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ചർച്ച നടത്തി. മന്ത്രിസഭാ ഉപസമിതിയുടെ ചർച്ചകൾ പരാജയപ്പെടുകയും വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെടുകയും ചെയ്തതോടെയാണ് പാര്‍ട്ടി നേരിട്ടിറങ്ങിയത്.
പ്രശ്നങ്ങൾ മനസ്സിലാക്കുന്ന രീതിയിൽ പാർട്ടി നേതൃത്വം പ്രതികരിച്ചതായി വികാരി ജനറൽ ഫാ.യൂജിൻ പെരേര പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ടശേഷമാണ് സമരസമിതിയുടെ പ്രതികരണം. മന്ത്രിസഭാ ഉപസമിതിയുമായി ചർച്ച ചെയ്ത് നയപരമായ തീരുമാനങ്ങളിലേക്ക് എത്താമെന്നറിയിച്ചു. വിഷയത്തില്‍ അതിരൂപതയ്ക്ക് തുറന്ന മനസാണ്. സർക്കാർ നിർദേശങ്ങളിൽ തിങ്കളാഴ്ച്ച നിലപാടറിയിക്കും. സമരം ജീവന്മരണ പോരാട്ടമാണ്. ആശങ്കകൾ അവസാനിക്കുമെങ്കിൽ സമവായം സാധ്യമാണെന്നും സമരസമിതി അറിയിച്ചു.
തുറമുഖ വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി നടത്തിയ നാലാം വട്ട ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പാർട്ടി നേതൃത്വം സമരസമിതി നേതാക്കളെ ചർച്ചയ്ക്കു വിളിച്ചത്. സമരസമിതി മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളിൽ വ്യക്തമായ ഉറപ്പു ലഭിക്കാത്തതിനെ തുടർന്നാണ് മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടത്. തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നത് ഒഴികെ മറ്റ് ആവശ്യങ്ങളിൽ അനുകൂല നിലപാടാണെന്ന് സർക്കാർ അറിയിച്ചു.