തിരുവനന്തപുരം: ഓണസദ്യ മാലിന്യ കുപ്പയിൽ എറിഞ്ഞ് പ്രതിഷേധിച്ച തൊഴിലാളികൾക്കെതിരായ നടപടി പിൻലിച്ച് തിരുവനന്തപുരം നഗരസഭ.ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെൻന്റ് ചെയ്ത നടപടിയും നാല് താൽക്കാലിക തൊഴിലാളികളെ പുറത്താക്കിയ നടപടിയുമാണ് പിൻവലിച്ചത്. തൊഴിലാളികളുടെ വിശദീകരണം കേട്ട ശേഷമാണ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ തീരുമാനം.
ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയതിന്റെ പേരിൽ ശുചീകരണ തൊഴിലാളികൾക്കെതിരെ എടുത്ത നടപടി പിൻവലിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കത്ത് നൽകുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വിരുദ്ധാഭിപ്രായങ്ങൾ പറഞ്ഞിരുന്നു. പ്രതിഷേധിക്കുന്നവരെ ജോലിയിൽ നിന്ന് പുറത്താക്കുന്ന പാർട്ടിയല്ല സിപിഎം എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്.
ഓണാഘോഷത്തിനിടെ കൂടുതൽ ജോലി ചെയ്യാൻ നിർദ്ദേശിച്ചതിന്റെ പേരിലായിരുന്നു പ്രതിഷേധം. കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളുകയായിരുന്നു.
തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണ് മുപ്പതോളം പേർക്ക് കഴിക്കാനുള്ള ആഹാരമാണ് നശിപ്പിച്ചത്. ഓണാഘോഷം തടയാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതിലുള്ള പ്രതിഷേധമെന്നായിരുന്നു ന്യായീകരണം. എന്നാല്‍, യൂണിയന് പ്രവര്‍ത്തകര്‍ തമ്മിലുള്ള ചേരിപ്പോരാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഒരുവിഭാഗം അഭിപ്രായപ്പെട്ടത്.
സംഭവത്തിൽ നഗരസഭ ജീവനക്കാർ കുറ്റക്കാരാണെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. ജീവനക്കാർ ഓണസദ്യ എയറോബിക് ബിന്നിലേക്ക് തട്ടി കളയുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഹെൽത്ത് സൂപ്പർവൈസറോട് ആവശ്യപ്പെടുകയായിരുന്നു.