ന്യൂഡല്‍ഹി: ഇൻഡിപെൻഡന്റ് ആൻഡ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷൻ (ഐപിഎസ്എംഎഫ്), സെന്റർ ഫോർ പോളിസി റിസർച്ച് (സിപിആർ), ഓക്സ്ഫാം ഇന്ത്യ എന്നിവയുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ സർവേകളെ അപലപിച്ച ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷൻ.
ഡിജിറ്റൽ മാധ്യമ സംഘടനകൾ മാത്രമുള്ള ഗ്രൂപ്പാണ് ഡിജിപബ്. സ്വതന്ത്ര പത്രപ്രവർത്തനത്തിന് നേരെയുള്ള ആക്രമണമെന്നാണ് അവര്‍ ഈ സര്‍വേയെ വിശേഷിപ്പിച്ചത്.
“ഇത് മനുഷ്യവിഭവശേഷിയുടെയും പ്രയത്‌നങ്ങളുടെയും നഗ്‌നമായ പാഴ്‌വേലയാണ്. ഇന്ത്യയുടെ ഭരണസംവിധാനത്തിന് മൂല്യം കൂട്ടുന്നതിനായി സേവനത്തിൽ ചേർന്ന സർക്കാർ ഉദ്യോഗസ്ഥരേ രാഷ്ട്രീയ ഉപകരണങ്ങളായി ഉപയോഗിക്കുന്നത് അവരുടെ കഴിവുകൾക്ക് അപമാനമാണ്”- ദി ന്യൂസ് മിനിറ്റ് ചെയർപേഴ്‌സണും എഡിറ്റർ ഇൻ ചീഫുമായ ധന്യ രാജേന്ദ്രൻ, ജനറൽ സെക്രട്ടറിയും ന്യൂസ്‌ലൗണ്ട്രിയുടെ സഹസ്ഥാപകനുമായ അഭിനന്ദൻ സെഖ്‌രി എന്നിവർ ഒപ്പിട്ട പ്രസ്താവനയിൽ ഡിജിപബ് പറഞ്ഞു.
എന്തിനാണ് ഈ മൂന്ന് സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയതെന്ന് ആദായനികുതി വകുപ്പിനോട് സംഘടന വിശദീകരണം തേടുകയും സ്വതന്ത്ര മാധ്യമസ്ഥാപനങ്ങളിൽ ഇത്തരമൊരു റെയ്ഡ് നടത്തുന്നത് ഇതാദ്യമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
“ആരോപണങ്ങളിലോ തെളിവുകളിലോ യാതൊരു വ്യക്തതയുമില്ലാതെ, പൊതുസേവന പത്രപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളെ ഭീഷണിപ്പെടുത്തുന്നതിനും ഉപദ്രവിക്കുന്നതിനും ആദായനികുതി സംഘങ്ങളെ ഉപയോഗിക്കുന്നു”, പ്രസ്താവനയിൽ പറയുന്നു.
“നമ്മുടെ സർക്കാർ സ്വതന്ത്ര മാധ്യമങ്ങളെ എത്രമാത്രം പരിഭ്രാന്തിയിലാക്കുന്നു” എന്ന് മാത്രമാണ് സർവേ കാണിക്കുന്നതെന്ന് അവര്‍ വിമർശിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ഏത് ആക്രമണവും നമ്മുടെ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്നും പ്രസ്താവനയിൽ പറയുന്നു.
ബുധനാഴ്ച ഡൽഹിയിലെ സിപിആർ, ഓക്സ്ഫാം ഇന്ത്യ, ബെംഗളൂരുവിലെ ഐപിഎസ്എംഎഫ് എന്നിവയുടെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് സർവേ നടത്തിയത്.
രാജ്യവ്യാപകമായി നടത്തിയ സർവേകളുടെ ഭാഗമാണിതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി നൂറിലധികം സ്ഥലങ്ങളിൽ സർവേ നടത്തിയതായി റിപ്പോർട്ട് പറയുന്നു.