തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യാനുള്ള സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ചൊവ്വാഴ്ച (06-09-2022) റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കാണ് സാധ്യത.
ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലെർട്ടും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച (07-09-2022) എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ചും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ജില്ലകളിൽ മഞ്ഞയും അലെർട്ടുകൾ പ്രഖ്യാപിച്ചു.
വ്യാഴാഴ്ച ( 08-09-2022 ) കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തൃശൂർ,പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലെർട്ടാണ്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വെള്ളിയാഴ്ച (09.09.2022) ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു.
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവജാഗ്രത പാലിക്കണം.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള തീരങ്ങളിൽ നിന്നും സെപ്റ്റംബർ 5 മുതൽ 9 വരെയും ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും സെപ്റ്റംബർ 5, 6 തീയതികളിലും കർണാടക തീരങ്ങളിൽ നിന്നും സെപ്റ്റംബർ 7, 9 എന്നീ തീയതികളിലും മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരങ്ങളിൽ നിന്നും സെപ്റ്റംബർ 5 മുതൽ 9 വരെയും ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും സെപ്റ്റംബർ 5, 6 തീയതികളിലും കർണാടക തീരങ്ങളിൽ നിന്നും സെപ്റ്റംബർ 7, 9 എന്നീ തീയതികളിലും മണിക്കൂറിൽ 40 മുതൽ 45 കിലോ മീറ്റര്‍ വേഗതയിലും ചിലവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.