തിരുവനന്തപുരം: മാഗ്സസെയുടെ പേരിലുള്ള അവാര്‍ഡ് നല്കി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. തനിക്ക് ലഭിച്ച മാഗ്സസെ അവാര്‍ഡ് നിരസിക്കാന്‍ തീരുമാനിച്ചതായി മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. പാര്‍ട്ടിയുമായി ആലോചിച്ചാണ് പുരസ്കാരം നിരസിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു അവരുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
‘മാഗ്സസെ ആരാണെന്ന് ഞങ്ങള്‍ക്ക് നല്ല ധാരണയുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെയും നൂറു കണക്കിന് കേഡര്‍മാരെ ശക്തമായി അടിച്ചമര്‍ത്തിയ ലോകത്തിലെ ഏറ്റവും പ്രധാന കമ്മ്യൂണിസ്റ്റ് വിരുദ്ധരിലൊരാളായ മാഗ്സസെയുടെ പേരിലുള്ള അവാര്‍ഡ് നല്കി കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്ട്ടിിയുടെ കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാന്‍ ശ്രമിക്കേണ്ട. അതുകൊണ്ടാണ് ആ അവാര്‍ഡ് വാങ്ങുന്നത് ശരിയല്ല എന്ന നിലപാട് പാര്‍ട്ടി സ്വീകരിച്ചത്. അത് കൃത്യമായി മനസ്സിലാക്കി കെ.കെ. ശൈലജ നിലപാട് സ്വീകരിച്ചു’, ഗോവിന്ദന് പറഞ്ഞു.
കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയില്‍ സിപിഐഎം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് പുരസ്കാരം നിരസിച്ചതെന്ന് കെ.കെ.ശൈലജ പറഞ്ഞു. പരിശോധിച്ചപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതുവരെ ഇങ്ങനെ ഒരു പുരസ്കാരം ലഭിച്ചിട്ടില്ലെന്ന് കണ്ടു. അവാര്‍ഡ് കമ്മിറ്റിയോട് നന്ദി പറഞ്ഞുകൊണ്ട് പുരസ്കാരം വ്യക്തിപരമായി സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്ന് അറിയിച്ചുവെന്നും ശൈലജ അറിയിച്ചു.
എന്നാല്‍, ജ്യോതി ബസു പ്രധാനമന്ത്രിപദം നിരസിച്ചതുമായി ഇതിനെ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് മാത്രമാണ് തീരുമാനിക്കുന്നത്. ഇത് വ്യക്തപരമായ കാര്യമല്ല. കേരളത്തിലെ ആരോഗ്യരംഗത്ത് ഗവണ്മെന്റ് എന്നനിലയില്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആ കൂട്ടത്തില്‍ കൊവിഡ്, നിപ പ്രതിരോധങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങള്‍കൂടി പരിഗണിച്ചതായാണ് അവാര്‍ഡ് കമ്മിറ്റി അറിയിച്ചതെന്നും കെ.കെ.ശൈലജ പറഞ്ഞു.