തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വ്യാപക ക്രമക്കേട്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഏജന്റുമാര്‍ അഴിമതി പണം നല്‍കുന്നത് ഗൂഗിള്‍ പേ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണെന്നും കണ്ടെത്തി.
പൊതുജനങ്ങളിൽനിന്നും ഏജന്റുമാർ മുഖേന മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് 53 ആർടിഒ–ജെആർടിഒ ഓഫിസുകളിൽ ‘ഓപ്പറേഷൻ ജാസൂസ്’ എന്ന പേരിൽ പരിശോധന നടത്തിയത്. കണ്ടെത്തിയ ക്രമക്കേടുകള്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു. വിശദമായ റിപ്പോർട്ട് തുടർ നടപടികൾക്കായി സർക്കാരിനു കൈമാറും.
കോട്ടയം ആർടി ഓഫിസിൽ ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി 1,20,000 രൂപ നൽകിയതായും, അടിമാലി ആര്‍ടി ഓഫിസില്‍ ഗൂഗിൾ പേ വഴി 97,000 രൂപ ഏജന്റുമാർ നൽകിയതായും വ്യക്തമായി. ചങ്ങനാശേരി ആർടി ഓഫിസിലെ ഉദ്യേഗസ്ഥനു ഡ്രൈവിങ് സ്കൂൾ ഏജന്റുമാർ വഴി ഗൂഗിൾ പേയിലൂടെ 72,200 രൂപ അയച്ചതായും കാഞ്ഞിരപ്പള്ളി ആർടി ഓഫിസിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്കു വിവിധ ഡ്രൈവിങ് സ്കൂൾ ഏജന്റുമാരിൽനിന്നും 15,790 രൂപ നൽകിയതായും കണ്ടെത്തി.
പരിവാഹന്‍ വഴി അപേക്ഷ നല്കിയാലും ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ വഴി പണം വാങ്ങുന്നുണ്ട്. പണം നല്‍കുന്നവരുടെ അപേക്ഷ തിരിച്ചറിയാന്‍ പ്രത്യേക അടയാളം നല്‍കും.
ഏജന്റുമാരുടെ സ്ഥാപനങ്ങള്‍, ഡ്രൈവിംഗ് സ്കൂളുകള്‍ എന്നിവിടങ്ങളിലും പരിശോധന തുടരുകയാണ്. പരിശോധന റിപ്പോര്‍ട്ട് എസ്പിമാര് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ 9447789100 എന്ന വാട്സാപ് നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർഥിച്ചു.