തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലു ദിവസം കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ബാക്കി ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ നാളെയും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 12 മുതൽ 20 സെന്റീമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇവിടങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രതി പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.