കണ്ണൂര്‍ – പോണ്ടിച്ചേരി കെഎസ്ആര്‍ടിസി – സ്വിഫ്റ്റ് സര്‍വ്വീസ് സെപ്തംബര്‍ മൂന്നാം തീയതി മുതല്‍ ആരംഭിക്കും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് സര്‍വ്വീസിന് തുടക്കം കുറിയ്ക്കുക. മാഹി പ്രദേശത്തുള്ളവര്‍ക്ക് പോണ്ടിച്ചേരിയുമായി ബന്ധപ്പെടാനാവുന്ന ആവശ്യങ്ങള്‍ക്ക് പുതിയ ബസ് സര്‍വ്വീസ് സഹായകമാകും. കൂടാതെ പോണ്ടിച്ചേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഈ സര്‍വ്വീസ് സഹായകമാകും.
കണ്ണൂരില്‍ നിന്നും എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് തലശ്ശേരി, മാഹി, കോഴിക്കോട്, മലപ്പുറം, പെരിന്തല്‍മണ്ണ, പാലക്കാട്, കോയമ്പത്തൂര്‍, സേലം, ആത്തൂര്‍, നെയ്വേലി, കടലൂര്‍ വഴി പിറ്റേ ദിവസം രാവിലെ 7.45 ന് പോണ്ടിച്ചേരിയില്‍ എത്തിച്ചേരും. പോണ്ടിച്ചേരിയില്‍ നിന്നും വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് പിറ്റേന്ന് രാവിലെ 8.45 ന് കണ്ണൂരും എത്തിച്ചേരുന്ന രീതിയിലാണ് സര്‍വ്വീസ് നടത്തുക.
കണ്ണൂര്‍ എംഎല്‍എ രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കുന്ന ഉത്‌ഘാടനചടങ്ങില്‍ സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് സ്വാഗതം ആശംസിക്കും. എംപി മാരായ കെ. സുധാകരന്‍, വി. ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, അഡ്വ. പി സന്തോഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയി പങ്കെടുക്കും. കണ്ണൂര്‍ മേയര്‍ ടി.ഒ. മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ തുടങ്ങി മറ്റ് ജനപ്രതിനിധികള്‍ , കക്ഷി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, കെഎസ്ആര്‍ടിസി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.