തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നല്കി. 100 മില്ലിമീറ്റർ മുതൽ 200 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒന്നോ രണ്ടോ ജില്ലകളിൽ ചില സ്ഥലങ്ങളിലെ അതിതീവ്ര മഴക്കും സാധ്യതയുണ്ട്.
മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. കുട്ടവഞ്ചി സവാരി, ബോട്ടിങ് എന്നിവയും നടത്താൻ പാടില്ല.
അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് ഇടുക്കി, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കും. പല ജില്ലകളിലും കനത്ത മഴയെത്തുടർന്നുള്ള ദുരിതം രൂക്ഷമാണ്. ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, പൊന്മുടി, ഷോളയാര്‍, കുണ്ടള, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, മൂഴിയാര്‍ എന്നീ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് കനത്ത മഴ മൂലം ദീര്‍ഘദൂര തീവണ്ടികൾ മണിക്കൂറുകൾ വൈകി. പുലര്‍ച്ചെ കണ്ണൂരിൽ നിന്നും പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തി തിരികെ മടങ്ങി പോകേണ്ട ജനശതാബ്ദി എക്സ്പ്രസ് നിലവിൽ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. കോട്ടയം വഴി പോകേണ്ട ഈ ട്രെയിൻ ആലപ്പുഴ വഴി തിരിച്ചു വിട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 2.10-ന് തിരുവനന്തപുരത്ത് എത്തേണ്ട ഈ ജനശതാബ്ദി വൈകിട്ട് 3.30-ന് ആലപ്പുഴയിലേക്ക് പ്രവേശിക്കുന്നതേയുള്ളൂ. ഇതോടെ തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദിയും മണിക്കൂറുകൾ വൈകാനാണ് സാധ്യത. എറണാകുളം ജംഗ്ഷനിലേക്ക് എത്തേണ്ട മംഗള – നിസ്സാമുദ്ദീൻ എറണാകുളം നോര്‍ത്ത് സ്റ്റേഷനിൽ സര്‍വ്വീസ് അവസാനിപ്പിക്കും.
ഓറഞ്ച് അലേർട്ട്
30-08-2022: ഇടുക്കി, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
മഞ്ഞ അലേർട്ട്
30-08-2022: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
31-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
01-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
02-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ്
03-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം
ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് ആണ് നല്കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും നിർദേശത്തില്‍ പറയുന്നു.