കോട്ടയം: നടൻ ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്ന് വരുത്തിത്തീർക്കാർ വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിൽ പി.സി. ജോര്‍ജിന്റെ മകന് ഷോൺ ജോർജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ചൊവ്വാഴ്ച കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ വ്യാജ സ്ക്രീൻഷോട്ടുകൾ ഉണ്ടാക്കി അന്വേഷണത്തിന്റെ വഴിതെറ്റിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഷോൺ ജോർജിന്റെ വീട്ടിൽ ഈ മാസം 25 ന് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. വ്യാജ സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടത് ഷോൺ ജോർജ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പരിശോധനയിൽ ടാബും മൂന്ന് മൊബൈല്‍ ഫോണുകളും പെൻഡ്രൈവും അഞ്ച് സിം കാര്‍ഡുകളും പിടിച്ചെടുത്തെന്ന് ഷോണ്‍ പറഞ്ഞു.
ഓഗസ്റ്റ് 25ന് രാവിലെ എട്ടരയോടെയാണ് പുഞ്ഞാറിലെ പി.സി ജോർജിന്റെ കുടുംബവീട്ടിൽ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി അമ്മിണിക്കുട്ടൻ തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കേസിന്റെ പ്രാരംഭഘട്ടത്തിൽ കേസിന്റെ വഴി തിരിച്ചുവിടാൻ ദിലീപിന്റെ അനിയൻ അനൂപിന് ഒരു സ്ക്രീൻഷോട്ട് അയച്ചുകൊടുത്തുവെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. ഒരു സിനിമാ പ്രവർത്തകനും പൊലീസുകാരും അടങ്ങിയ വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ സ്ക്രീൻഷോട്ടായിരുന്നു നൽകിയത്. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനായിരുന്നു ഇത്. എന്നാൽ ഈ സ്ക്രീൻഷോട്ട് വ്യജമായി നിർമിച്ചതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.