ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴിൽ വരുന്നതല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസായിരുന്ന എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ചിലായിരുന്നു ഹർജി ആദ്യം എത്തിയത്. അദ്ദേഹം വിരമിക്കുന്ന സാഹചര്യത്തിൽ ഹർജി മറ്റൊരു ബെഞ്ചിന് കൈമാറുകയായിരുന്നു. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് നിരവധി തവണ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി ഓഗസ്റ്റ് 29 ലേക്ക് മാറ്റുകയായിരുന്നു.
പുതിയ ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ ആദ്യ പ്രവൃത്തി ദിനമായ ഇന്നാണ് ഹർജികൾ പരിഗണനയിൽ വരുന്നത്. കർണാടക സ്‌കൂളുകളിൽ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള എല്ലാ ഹർജികളും തള്ളിയ ഹൈക്കോടതി, യൂണിഫോം ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ന്യായമാണെന്നും വിദ്യാർത്ഥികൾക്ക് ഇതിനെ എതിർക്കാനാവില്ലെന്നും വിധിച്ചിരുന്നു. ഫെബ്രുവരി അഞ്ചിന് കർണാടക സർക്കാർ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് ഹർജിക്കാരുടെ അവകാശ ലംഘനമല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.