കണ്ണൂർ: കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ. നെടുംപൊയിൽ – മാനന്തവാടി റോഡിലാണ് ഉരുൾപൊട്ടിയത്. കാഞ്ഞിരപ്പുഴയിൽ വെള്ളം ശക്തിയായി ഉയരുകയാണ്. താഴെ വെള്ളറയിലും വെള്ളം കയറുന്നുണ്ട്. ഇതോടെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
തുടർച്ചയായ രണ്ടാം ദിവസമാണ് കണ്ണൂരിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ നെടുപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയിരുന്നു. മലവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ വിലങ്ങാട് പാലം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അതേസമയം, സംസ്ഥാനത്ത് വ്യാപക മഴ തുടരാൻ സാധ്യത. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ,തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഈ ജില്ലകളിൽ അടുത്ത ദിവസങ്ങളിലും മഴ തുടരും.
കിഴക്കൻ മേഖലകളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിലിനെയും ഉരുൾപ്പൊട്ടലുകളെയും കരുതിയിരിക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. ബീഹാറിന് മുകളിലും സമീപ പ്രദേശങ്ങളിലായി നിലനിൽക്കുന്ന ചക്രവാതചുഴിയും ബംഗാൾ ഉൾകടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് നിലവിൽ മഴ സജീവമാകാൻ കാരണം.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി വടക്കൻ കേരളത്തിൽ മഴ ശക്തമാണ്. കോഴിക്കോട് , കണ്ണൂർ, മലപ്പുറം ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി. കണ്ണൂര്‍ ഏലപ്പീടികയ്ക്ക് സമീപം വനത്തിൽ ഇന്ന് ഉരുൾ പൊട്ടി. നെടുമ്പോയിൽ മാനന്തവാടി ചുരം റോഡിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്. കാഞ്ഞിരപ്പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ പുഴയോരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. നെടുമ്പൊയിൽ- മാനന്തവാടി ചുരം റോഡിലും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൂളക്കുറ്റി, വെളളറ ഭാഗത്ത് മലവെള്ളം ഒലിച്ചിറങ്ങുകയാണ്. വെള്ളറ ഭാഗത്തുള്ളവരെ ഫയർ ഫോഴ്സ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ തുടങ്ങി.