ബിജെപി നേതാവും നടിയുമായ സോനാലി ഫോഗട്ടിന്റെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരിയാന സർക്കാർ . കേസ് രജിസ്റ്റർ ചെയ്തത് ഗോവയിൽ ആയതിനാൽ ഗോവ സർക്കാറിന് കത്ത് അയക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. സോനാലിയുടെ കുടുംബം മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഖട്ടറിന്റെ പ്രതികരണം.
സൊനാലി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സോനാലിയുടെ പ്രൈവറ്റ് സെക്രട്ടറിയും സഹായിയും ചേർന്ന് ലഹരിമരുന്ന് കലർത്തിയ ദ്രാവകം നൽകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.അന്വേഷണത്തിൽ ഈ ദൃശ്യങ്ങൾ വഴിത്തിരിവാണ്.വടക്കൻ ഗോവയിലെ കേർലീസ് റെസ്റ്റോറന്‍റിൽ നിന്നുള്ള ദൃശ്യങ്ങളിൽ നടക്കാനാകാതെ ബുദ്ധിമുട്ടുന്ന സോനാലിയെ താങ്ങി നിർത്തുന്നത് പിഎ, സുധീർ സാംഗ്വാനാണ്. ഇയാളുടെ സഹായി സുഖ്‍വീന്തറും ദൃശ്യങ്ങളിലുണ്ട്. അതിന് ശേഷം അഞ്ച് മണിക്കൂറിനുള്ളിലാണ് സോനാലി മരിക്കുന്നത്.
അതേസമയം ഈ കേസിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സോനാലി ചെലവഴിച്ച റെസ്റ്റോറന്‍റിന്‍റെ ഉടമയും ഇവിടേക്ക് ലഹരി മരുന്ന് എത്തിച്ച് നൽകിയ ആളുമാണ് അറസ്റ്റിലായത്.