ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറിന്റെ അടുത്ത അനുയായിയുടെ വീട്ടിൽ നിന്നും എകെ 47 തോക്കുകൾ കണ്ടെത്തി. മുഖ്യമന്ത്രി ഹേമന്ത് സോറെന്റെ അനുയായി പ്രേം പ്രകാശ് വാടകയ്ക്ക് എടുത്ത വീട്ടിലെ അലമാരിയിൽ നിന്നും ഇ ഡി നടത്തിയ റെയ്ഡിൽ രണ്ട് എകെ 47 തോക്കുകളാണ് കണ്ടെടുത്തത്. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സംസ്ഥാന വ്യാപമായി ഇഡി റെയ്ഡ് നടക്കുകയാണ് . ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തോക്കുകൾ കണ്ടെടുത്തത്.
പ്രേം പ്രകാശിനെതിരെ ആയുധ നിയമപ്രകാരം കേസെടുക്കാൻ സാധ്യതയുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പ്രേം പ്രകാശും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അന്വേഷണം നടന്നു വരികയാണ്. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറനും നിരീക്ഷണത്തിലാണെന്ന് ഇഡി അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം ഹേമന്ത് സോറിന്റെ എംഎൽഎ പ്രതിനിധി പങ്കജ് മിശ്ര ഉൾപ്പെടെയുള്ളവരുടെ അടുത്ത സഹായികളുടെ 37 ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 11.88 കോടി രൂപയും ഇഡി പിടിച്ചെടുത്തിരുന്നു.
















